ഇലക്കണം

കണ്ണ് മഞ്ഞളിക്കുന്ന ഇരുള്‍-വെളിച്ചങ്ങളുടെ ഇടനാഴിയില്‍വച്ച് പ്രണയത്തിന്റെ വീഞ്ഞുപാത്രത്തിലേക്ക് എന്റെ മൗനത്തിന്റെ അടരുകളില്‍ നിന്നു ഇന്നലെ നീ വീണുടഞ്ഞത് അറിയാതെയാ​ണു. മാപ്പ്

Tuesday, March 16, 2010



പ്രണയം

പ്രണയം ഏറ്റവും അപകടകരമായ സദാചാര ലംഘനമായി മാറുന്ന സമകാലികതയില്‍, പ്രണയികള്‍ തീവ്രവാദികളാക്കപ്പെടുന്ന രാഷ്‌ട്രീയ കാലത്ത്‌, പ്രണയം കോടതിവരാന്തയില്‍ പകച്ചുനില്‍ക്കുന്ന നീതിന്യായ കാലാവസ്ഥയില്‍ തീവ്രമായ സാമൂഹിക അസഹിഷ്ണുത കൂടുതല്‍ ഏകാന്തവും സംഭീതവുമായ ഒരു ബിംബമായി വര്‍ത്തമാനത്തെ പിടിച്ചെടുക്കുന്നു.
പ്രണയം നിര്‍വചിക്കപ്പെട്ട കാലം മുതല്‍ക്കേ പ്രശ്നവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഒരുവന്‍ തന്റെ മറുപാതിയെ [അപരാംശത്തെ] തേടുന്ന ദിവ്യമായ അവസ്ഥയാണ് പ്ലടോയുടെ നിര്‍വചനത്തിലെ പ്രണയം. ഇതില്‍ "ദിവ്യം" അഭൌമികമായ സങ്ങതിയാകുമ്പോള്‍ അതിനെ വിശ്വാസികള്‍ "ദൈവത്തിലേക്ക്" കൂട്ടിക്കൊണ്ടുവന്നു അതിനെ ദൈവികമാക്കി. പ്രശ്നാവസ്ഥയില്‍ നിന്നും പ്രണയത്തെ രക്ഷിക്കാനാണ് അരിസ്റ്റൊട്ടില്‍ അതിനെ "2 ശരീരങ്ങളിലായി ഒരേ ആത്മാവ് നിലനില്‍ക്കുന്ന സവിശേശാവസ്ഥ"യായി വ്യാഖ്യാനിച്ചത്. പ്രണയത്തെ ഇവിടെ ഒരു ഭൌതികാവസ്തയായി കാണാതെ, വികാരവിചാരങ്ങള്‍ സമ്മേളിക്കുന്ന മനസ്സുകളെ കൂട്ടിയിണക്കുന്ന ശക്തമായ ഒരു പ്രതിഭാസമായി കാണേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മനസ്സുകള്‍ക്ക് ഒരേ ആത്മാവാണ് ഉള്ളതെന്നും അതിരുവരിലും ഒരേ ഭാവത്തിലും, ലയത്തിലും, ഗാഡതയിലും ഇരു ശരീരങ്ങളിലും വിലയിച്ചു കിടക്കുന്ന അപൂര്‍വ സുന്ദരവും മധുരതരവുമായ ഒരു അനുഭൂതിയായി പ്രണയത്തെ ഉള്‍കൊള്ളാന്‍ കഴിയൂ. വാക്കുകളില്‍ ദര്‍ശിക്കുന്നത്ര എളുപ്പമല്ല പ്രണയിക്കുകയെന്നതും അതിനെ നിലനിര്‍ത്തുകയെന്നതും. നിലനില്‍പ്പെന്ന സങ്കീര്‍ണാവസ്ഥയെ നേരിടാന്‍ മനുഷ്യന്റെ "ബുദ്ധിപരവും, സംത്രപ്തവും ആയ ഒരേ ഒരു ഉത്തര"മായിട്ടാണ് എറിക് ഫ്രോം പ്രണയത്തിന്റെ കലാപരതയെ നിര്‍വചിക്കുന്നത്.
ഒരു പക്ഷെ പ്രണയമിങ്ങനെ നിര്‍വചിക്കപ്പെടാനും പ്രശ്നവല്‍ക്കരിക്കപെടാനും തുടങ്ങിയത് പ്രണയസാഫല്യവും, പ്രണയദുരന്തവും കലയിലൂടെയും, മിത്തുകളിലൂടെയും എങ്കിലും രംഗം കയ്യടക്കിയത്തിനു ശേഷമാവണം. ആത്മാവുകളുടെ ഏകീകരണം തീവ്രമാകുമ്പോള്‍ ഒരേ മനസ്സായി മാറുന്ന പ്രണയികളുടെ സന്തോഷത്തിന്റെയും, സന്താപത്തിന്റെയും തോത് ഒരേ പോലെയാവും.
സദാചാരം സമൂഹം അഥവാ അധികാരിവര്‍ഗം വ്യക്തികളുടെമേല്‍, അതായതു നമ്മുടെ മേല്‍ അടിച്ചേല്പിക്കുന്ന normality -ആണ്. സമൂഹത്തിനു മുന്‍പില്‍ നാം തിരിഞ്ഞു നിന്നുപോയാല്‍ നമ്മെ സമൂഹം അബ്നോര്‍മല്‍ ആക്കും. സമൂഹത്തിന്റെ മുന്‍പില്‍ പ്രണയവും, ലൈംഗികതയും സാമൂഹ്യ നിയമങ്ങളും സദാചാരവിലക്കുകളും ലംഘിച്ച്‌ രണ്ട്‌ വ്യക്തികള്‍ മാത്രമുള്ള ലോകം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. അതാണ് സമൂഹത്തിന്റെ വീക്ഷണം... അതിര്‍ത്തിയാണ് നാം വ്യക്തികള്‍ സംഘടിച്ചു തകര്‍ക്കെണ്ടതുണ്ട്...
ഇനി ആത്മഹത്യയുടെ കാര്യം...
ദാ Cesar Paves പറയുന്നതു ശ്രദ്ധിക്കൂ...:
"One doesn't kill oneself for love of a woman but because love - any love - reveals us in our nakedness. Our misery, our vulnerability, our nothingness..."
ഏതു തരം പ്രണയവും ആത്യന്തികമായി വെളിപ്പെടുത്തുന്നത് അതിന്റെ ഉടമയുടെ ദുരവസ്ഥയാണ് .
പ്രണയം ഒരാളെ അയാളുടെ എല്ലാ വേദനകളോടും, നിസ്സഹായതയോടും, ഇല്ലായ്മയോടും കൂടി
ലോകത്തിന്റെ മുന്‍പില്‍ വിളിച്ചു കാട്ടുന്നു. പ്രണയത്തെ നിമിത്തമായി
എടുത്തുകൊണ്ടു ആത്മഹത്യ ചെയ്യുന്ന ഒരാള്‍ തന്റെ ഉള്ളിലെ അപര്യാപ്ത ബോധത്തെ
വാസ്തവത്തില്‍ ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്.
ആത്മഹത്യ ചെയ്യുന്നവന്റെ മനസ്സാണിവിടെ സൂചിപ്പിച്ചത്... അവന്റെ പരിതാപ-അവസ്ഥ സമൂഹത്തിനൊരു നേരമ്പോക്ക് മാത്രം. കര്‍ഷകരുടെയും ദരിദ്രന്റെയും ആത്മഹത്യ കൂടി ഇങ്ങനെ നോക്കി കാണാമല്ലോ...

"Here dead we lie
Because we did not choose
To live and shame the land
From which we sprung."--A. E. Housman

വ്രക്ഷക്കൊമ്പില്‍ കാറ്റിനു കുറുകെ കഴുത്തുമുരുകി കയര്തുംബ്ബില്‍കുരുങ്ങിയ ഒരു ലക്ഷ്യബോധമാണ് ആത്മഹത്യ ചെയ്യുന്നവന്റെ മനസ്സ്. ലക്ഷ്യബോധാതെ കുറിച്ചുള്ള വേദനയും പരിഹാസവും സമൂഹത്തിന്റെ നെരംബോക്കാവുമ്പോള്‍ മാനുഷികത കിരാതകരങ്ങളില്‍ ഭദ്രം. സ്വത്വനഷ്ട്ടമാകും ചിലപ്പോള്‍ ആത്മഹത്യയുടെ ഹേതു.
പ്രണയം സാമൂഹ്യ നിയമങ്ങളും സദാചാരവിലക്കുകളും ലംഘിച്ച്‌ രണ്ട്‌ വ്യക്തികള്‍ മാത്രമുള്ള ലോകം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാവാം സമൂഹത്തിനു മുന്നില്‍ പ്രണയം അസ്വീകാര്യമാക്കുന്നത്‌. സാമൂഹികബന്ധങ്ങളില്‍ ഇന്ന്‌ പുലരുന്ന നിര്‍വചനങ്ങളെ അതിലംഘിച്ചുകൊണ്ടുമാത്രമേ വ്യക്തികള്‍ക്ക്‌ ആനന്ദനിര്‍ഭരമായ ലയനം സാധ്യമാവുകയുള്ളു. സമുദായവിലക്കുകള്‍ ചെന്നെത്താത്ത സ്വകാര്യസങ്ങേതങ്ങള്‍ തേടി പ്രണയശരീരങ്ങള്‍ അലഞ്ഞുതിരിയുന്നത്‌ അതുകൊണ്ടാവാം. പ്രണയ രതിമോഹങ്ങള്‍ ചുറ്റുപാടുകളുടെ വിലക്കുകളെ വിസ്‌മരിച്ച്‌ നിത്യതയില്‍ അഭിരമിക്കുന്നു.
രമണനും, ഇടപിള്ളിയും വാഴ്ത്തപ്പെടുന്നത് ഇത്തരമൊരു ഇടത്തിലാണ്. ജീവിത സമരത്തില്‍നിന്നും നീട്ടിവേക്കപ്പെടെണ്ട ഒന്നല്ല പ്രണയമെന്നുവരുമ്പോള്‍ അത്‌ സമരത്തിന്റെ കേന്ദ്രമോ തുടക്കമോ തുടര്‍ച്ചയോ ഒക്കെയായിത്തീരുന്നുണ്ട്‌.
അതുകൊണ്ടാണ്‌ സമൂഹത്തില്‍ ഇതര ജീവിതാനുഭവങ്ങള്‍ക്ക്‌ ലഭിക്കാത്ത പ്രാധാന്യം പ്രണയ/രതിയനുഭവങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. അലൗകിക സൗന്ദര്യത്തിന്റെ നിത്യതാസ്‌പര്‍ശം ചിലപ്പോള്‍ ഒറ്റനിമിഷത്തില്‍ തകര്‍ന്നുവീണേക്കാം. ഓര്‍ക്കുക...പ്രണയവും, രതിയും ആരോജകമായി വ്യാക്ഖ്യാനിക്കാപ്പെടുന്ന ഒരു അധികാരവ്യവസ്ഥിതിയില്‍, പ്രണയത്തിന്റെ ഉടലുകളില്‍ പേറുന്ന പരശതം പീഡനങ്ങളുടെ നീറിപ്പടരുന്ന ഉപ്പുകാലമാണ് നിലവിലുള്ളത്....

1 comment:

Unknown said...

“സ്ത്രീ പ്രണയത്തിലൂടെ ധ്യാനത്തിലേക്കും പുരുഷന്‍ ധ്യാനത്തിലൂടെ പ്രണയത്തിലേക്കും എത്തിച്ചേരുന്നത്‌ ഒന്നു തന്നെയാണ്. അതിനുമുമ്പ് എന്തു സംഭവിക്കുന്നു എന്നതല്ല പ്രശ്നം . നിങ്ങളൊരു പുരുഷനാണങ്കില്‍ ധ്യാനിക്കുകയും പ്രണയിക്കുകയും ചെയ്യുക. നിങ്ങളൊരു സ്ത്രീയാണങ്കില്‍ പ്രണയിക്കുകയും ധ്യാനിക്കുകയും ചെയ്യുക. പക്ഷേ ഒരിക്കലും തെരഞ്ഞെടുക്കരുത്. പ്രണയം+ ധ്യാനം - ഇതാണെന്റെ മുദ്രാവാക്യം“ഓഷോ